പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധവുമായി തൊഴിലുറപ്പ് തൊഴിലാളികൾ
പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലാളികൾ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തൊഴിലെടുക്കാൻ കഴിയാത്ത തൊഴിലാളികൾ സമരത്തിനെത്തുകയും അവർക്ക് തൊഴിലെടുക്കാനുള്ള അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.
തൊഴിലാളികൾ തൊഴിലിനായി എത്തിയപ്പോൾ തൊഴിലിടത്ത് ഒപ്പ് ഇടിക്കാനുള്ള മേറ്റോ മസ്റ്ററിൽ ഒപ്പിടാനുള്ള പകരം സംവിധാനവും ഇല്ലാത്തതിനെതുടർന്ന് തൊഴിലാളികൾ പ്രതിഷേധവുമായി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എത്തുകയായിരുന്നു.
സെക്രട്ടറിയുടെ ക്യാബിനിൽ എത്തിയ തൊഴിലാളികൾ ഉപരോധ സമരം നടത്തുകയായിരുന്നു. സമരത്തിന് പോകാത്ത തൊഴിലാളികൾ ഇന്ന് തൊഴിലിന് ഇറങ്ങുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയേയും വാർഡ് അംഗത്തേയും മേറ്റിനേയും അറിയിച്ചിരുന്നതായും എന്നിട്ടും പകരം സംവിധാനം ഏർപ്പെടുത്താൻ ആരും തയ്യാറായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി. സമരക്കാരും പഞ്ചായത്തിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ രാഗേഷ്, അർജ്ജുൻ കറ്റയാട്ട്, യുഡിഎഫ് നേതാക്കളായ രാജൻ മരുതേരി, കെ.സി മുഹമ്മദ്, കെ.സി രവീന്ദ്രൻ, കെ.പി റസാഖ്, വി.പി സുരേഷ്, ആർ.കെ മുഹമ്മദ്, രമേശൻ മഠത്തിൽ, രേഷ്മ പൊയിൽ, ടി.കെ നഹാസ്, മൊയ്തു മൂച്ചിലോട്ട്, അബ്‌ദുൾ സലാം നമ്പിത്തൂർ, ചാളപ്പറമ്പ് ഭാഗം, പള്ളി ഭാഗം എന്നിവിടങ്ങളിൽ നിന്നായി 20 ഓളം തൊഴിലാളികളും പങ്കെടുത്തു.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും തൊഴിലാളികൾ പറഞ്ഞു. ജൂനിയർ സൂപ്രണ്ടുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പണിക്കെതിയവർക്ക് ഒപ്പിടാനും ജോലി ചെയ്യാനും സൗകര്യമൊരുക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.

Comments
Post a Comment