ഇന്ന് ദേശീയ കർഷക ദിനം സമ്മിശ്രകൃഷിയിൽ വിജയഗാഥ തീർത്ത് യുവകർഷകൻ
കൃഷി നേരംപോക്കല്ല ഈ യുവ കർഷകന്
✒️ നിസാം കക്കയം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പതിനൊന്നാം വാർഡ് എരപ്പാംതോടിൽ താമസിക്കുന്ന മുറിഞ്ഞകല്ലേൽ ജോസ് മാത്യുവിന് കൃഷി വെറുമൊരു നേരമ്പോക്കല്ല, ജീവിതം തന്നെയാണ്. വീട്ടുവളപ്പിലും പറമ്പിലുമെല്ലാം സമ്മിശ്ര കൃഷിയാണ് ഈ യുവകർഷകൻ വിജയം കൊയ്തെടുത്തത്. മൂന്നേക്കർ കൃഷിയിടത്തിൽ കപ്പ, വാഴ, ചേമ്പ്, ചേന, ഇഞ്ചി, റബർ, തെങ്ങ്, കവുങ്ങ്, വ്യത്യസ്തയിനം ജാതി തുടങ്ങിയവയെല്ലാം ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. റംമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, ബട്ടർ ഫ്രൂട്ട്, നെല്ലി തുടങ്ങിയ ഫ്രൂട്ട്സ് ഇനങ്ങളും കൃഷി ചെയ്ത് വിജയത്തിലെത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ജോസിന്റെയും കുടുംബത്തിന്റെയും, കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ട് തന്നെയാണ് പരീക്ഷിക്കുന്ന കൃഷിയിനങ്ങളെല്ലാം വിജയത്തിലെത്തുന്നത്. പരമ്പരാഗത കർഷക കുടുംബാംഗമായ ജോസിന് കൃഷി ജീവിത വ്രതം പോലെയാണ്. പാരമ്പര്യമായി ലഭിച്ച റബറും, തെങ്ങും, കവുങ്ങുമൊക്കെ യായിരുന്നു കൃഷിയിലെ തുടക്കം. പിന്നീട് കാർഷിക മേഖല ജീവിത മാർഗമായി തെരഞ്ഞെടുത്തതോടെ സമ്മിശ്ര കൃഷി രീതിയിലേക്ക് മാറുകയായിരുന്നു. ജോസിന്റെ കാർഷിക സ്വപ്നങ്ങൾക്ക് പിന്തുണയുമായി അച്ചൻ മാത്യു, അമ്മ മേരി, ഭാര്യ ഷിമി, മക്കളായ ആദിഷ്, അഭി എന്നിവരും മുഴുവൻ സമയവും ഒപ്പമുണ്ട്. കൂരാച്ചുണ്ട് കൃഷിഭവന്റെ പിന്തുണയും തന്റെ വിജയത്തിന് പിന്നിലുണ്ടെന്ന് ഈ യുവ കർഷകൻ പറയുന്നു.
ഫോട്ടോ : ജോസ് മാത്യു മുറിഞ്ഞകല്ലേൽ തന്റെ കൃഷിയിടത്തിൽ


Comments
Post a Comment