പെരുവണ്ണാമുഴിയിൽ ജലസേചന വകുപ്പ് ഭൂമി കയ്യേറിയതായി പരാതി
✒️ ജോബി മാത്യു
പെരുവണ്ണാമുഴി: പെരുവണ്ണാമുഴി ടൗണിൽ ജലസേചന വകുപ്പ് ഭൂമി കയ്യേറി നിർമാണ പ്രവൃത്തി നടത്തുന്നതായി പരാതി. ടേക്ക് എ ബ്രേക്കിനു സമീപത്ത് പാതയോരത്താണ് ഷീറ്റ് മേഞ്ഞ കെട്ടിടം പണി നടക്കുന്നത്.
ജലസേചന വകുപ്പ് ഭൂമിയിൽ അനുമതി ഇല്ലാതെയാണ് പണി നടക്കുന്നത്. പെരുവണ്ണാമൂഴി മത്സ്യത്തൊഴിലാളി സഹകരണ സംഘം അഡാക്കുമായി സഹകരിച്ച് സ്ഥാപിക്കുന്ന കഫെറ്റീരിയയുടെ പ്രവൃത്തിയാണെന്നാണ് സൂചന. പ്രവൃത്തി നിർത്തിവയ്ക്കാൻ ജലസേചന വകുപ്പ് അധികൃതർ സംഘം സെക്രട്ടറി ക്ക് നോട്ടിസ് നൽകിയിരുന്നു. നോട്ടിസ് കിട്ടിയ ശേഷവും പണി പുരോഗമിക്കുകയാണ്. ജലസേചന വകുപ്പ് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
സമീപത്തെ ഭൂമിയിൽ ജലസേന വകുപ്പിന്റെ കെട്ടിടത്തിൽ കച്ചവട സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജലസേചന വകുപ്പ് വിട്ടു നൽകിയ 47 സെന്റിലാണ് പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. സർക്കാർ ഭൂമി കയ്യേറ്റം നടത്തി പണി നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment