കൂരാച്ചുണ്ട് മൃഗാശുപത്രി; പോളി ക്ലിനിക്കായി ഉയർത്തണമെന്ന് ആവശ്യം
✒️ നിസാം കക്കയം
കൂരാച്ചുണ്ട് :കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ മൃഗാശുപത്രി പോളിക്ലിനിക്കായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിത്യേന ധാരാളംപേർ എത്തുന്നുണ്ട്. കൂരാച്ചുണ്ടിലെയും സമീപപ്രദേശങ്ങളിലെയും ക്ഷീര കർഷകരുൾപ്പടെയുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. നിരവധി പശുഫാമുകളും പന്നിഫാമുകളും ഉള്ള മേഖലയായിട്ടും ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ മൃഗാശുപത്രിയിലില്ല. കക്കയം ഉൾപ്പടെ മലയോര മേഖലയിലുള്ള കർഷകർ മിക്കപ്പോഴും കിലോമീറ്ററുകൾ അപ്പുറമുള്ള പേരാമ്പ്രയിലെ പോളി ക്ലിനിക്കിനെ ആശ്രയിക്കേണ്ട സാഹചര്യമാണ്. മലയോര മേഖലയിലുൾപ്പടെയുള്ള ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് പോളിക്ലിനിക്.
'മന്ത്രിയെ കാണും'
കൂരാച്ചുണ്ട് മൃഗാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും പോളിക്ലിനിക്കായി ഉയർത്തണമെന്നും ആവശ്യപ്പെ ട്ട് മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രിയെ നേരിൽ കാണാൻ സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം തീരുമാനിച്ചു. ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുന്നതിനായി വകുപ്പ് മന്ത്രിയും സി.പി.ഐ നേതാവുമായിട്ടുള്ള ജെ ചിഞ്ചുറാണി 21-ന് കൂരാച്ചുണ്ടിൽ എത്തുന്നുണ്ട്.
ടി.കെ. ശിവദാസൻ അധ്യക്ഷനായി. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, വിനു മ്ലാക്കുഴിയിൽ, പി.ടി.തോമസ് പുന്നമറ്റത്തിൽ എന്നിവർ സംസാരിച്ചു.

Comments
Post a Comment