അർജന്റീന ടീം കേരളത്തിലേക്ക് വരുന്നു ; AFA-യുടെ അനുമതി ലഭിച്ചതായി സൂചന
കോഴിക്കോട്: കേരളത്തിലെ ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി, അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാനെത്തും. കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്‌ദുറഹിമാൻ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതൽ വിവരങ്ങൾ അറിയിക്കും. ടീം അടുത്ത വർഷമാകും കേരളത്തിലെത്തുക. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക.
മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യംവരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോൺസർ വഴിയാകും കണ്ടെത്തുക. കേരളത്തിൽ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അർജൻ്റീനയുമായി കളിക്കുക.
നേരത്തേ സെപ്റ്റംബറിൽ സ്പെയിനിലെത്തി മന്ത്രിയും സംഘവും അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അർജന്റീനൻ ഫുട്ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാൻ അന്ന് പറഞ്ഞിരുന്നു. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാൽ അർജന്റീനൻ ഫുട്ബോൾ അധികൃതർ എത്തി ഗ്രൗണ്ട് പരിശോധിക്കും.

Comments
Post a Comment