മത്തിയുടെ അഹങ്കാരം അങ്ങനെ കഴിഞ്ഞു; കിലോക്ക് 400 രൂപയിൽ നിന്ന് 15ലേക്ക് കൂപ്പുകുത്തി
അടുക്കള ഇനി മത്തി സാർ ഭരിക്കും
ഇനി മത്തികൊണ്ടുള്ള ആറാട്ടായിരിക്കും അടുക്കളകളിൽ. രാവിലെ മത്തിക്കറി, ഉച്ചക്ക് മത്തി ഫ്രൈ, വൈകുന്നേരം മത്തി മുളകിട്ട് വെള്ളപ്പം, രാത്രി വീണ്ടും മത്തി തോരൻ തുടങ്ങി കാര്യങ്ങൾ ഇങ്ങനെ പോയാൽ ഇനി മത്തി ബിരിയാണിയും മത്തി കേക്കും ഒരുപക്ഷെ കേരളത്തിൽ ഉണ്ടായേക്കാം. ഏതാനും ദിവസം മുമ്പ് വരെ കിലോക്ക് 400 രൂപയായിരുന്ന മത്തിയുടെ വില പതിനഞ്ച് രൂപയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഇത്തരമൊരു ചർച്ച.
ആഴ്ചകൾക്ക് മുൻപ് വരെ പൊന്നുംവിലയായിരുന്നു മത്തിക്കെങ്കിൽ ഇപ്പോൾ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ മത്തിയുടെ അഹങ്കാരം അങ്ങ് പോയിക്കിട്ടി. ഇന്നലെ ചെല്ലാനം ഹാർബറിൽ നിന്ന് മൊത്ത ഏജൻസികൾ മത്തി എടുത്തത് വെറും 15 രൂപയ്ക്കാണ് എന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
കടലിൽ നിന്ന് ലഭിക്കുന്ന മത്തിയുടെ അളവ് കൂടിയതോടെയാണ് വിലയിൽ ഗണ്യമായ ഇടിവുണ്ടായിരിക്കുന്നത്. എന്നാൽ ഇത് ഹാർബറിലെ വിലയാണ്. പൊതുമാർക്കറ്റിലും മറ്റും 80-100 എന്ന വിലയ്ക്കാണ് മത്തിവിൽക്കുന്നത്. ചില മാർക്കറ്റുകളിൽ 150 രൂപ വരെ ഈടാക്കുന്നതായും ഉപഭോക്താക്കൾ പറയുന്നു. അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ മത്തി ലഭിച്ചെങ്കിലും വില കുറഞ്ഞത് തിരിച്ചടിയായി.
കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ കടപ്പുറങ്ങളിൽ കരയിലേക്ക് മത്തി വന്ന് അടിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിൽ തന്നെ കടലിൽ മത്തി ചാകര രൂപപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. എങ്കിലും റെക്കോഡ് വിലയിൽ നിന്ന് ഇങ്ങനെയൊരു ഇടിവ് ആരും പ്രതീക്ഷിച്ചിരുന്നില്ല.

Comments
Post a Comment