1980 നവംബർ 16 ജയൻ നായകനായ സിനിമ തീയേറ്ററിൽ, പെട്ടെന്ന് സ്ക്രീനിൽ തെളിഞ്ഞു; 'ജയൻ അന്തരിച്ചു'




"ശപിക്കപ്പെട്ട ആ ദിനം"ജയൻ ആരാധകനായ ചായക്കടക്കാരൻ്റെ വാക്കുകൾ തിളച്ചു തൂകി. കോടാമ്പക്കത്തെ തലനരച്ച ആ ചായക്കടക്കാരൻ മാത്രമല്ല, ജയനെ നെഞ്ചിലേറ്റിയവർക്കെല്ലാം 'നവംബർ 16' ശപിക്കപ്പെട്ടതാണ്. മറവി മായ്ക്കാത്ത ദുരന്തദിനം.




ജയന്റെ മരണത്തെ ചൊല്ലി അന്നും ഇന്നും കഥകളും ദുരൂഹതകളും ഏറെ പടരുന്നുണ്ടെങ്കിലും, ആ ജീവിതം ഒരു വരിപോലും വിവരിക്കാനില്ലാത്തവിധം പലരും പലതവണ എഴുതിയും പറഞ്ഞും തീർത്തു.
കാലം കടന്ന്, തലമുറകൾ മറിഞ്ഞ് ജയൻ ഇന്നും ജീവിക്കുന്നു വേർപാടിന്റെ നാൽപത്തിനാലാം വർഷത്തിലും മലയാളി അദ്ദേഹത്തെ ഓർമിക്കുന്നു. അനുസ്‌മരണങ്ങളുമായി ഒത്തുചേരുന്നു.


കൊല്ലം ചിന്നക്കടയിൽ പൊന്നച്ചം വീട്ടിലെ കൃഷ്ണൻ നായർ നേവി ഉദ്യോഗം അവസാനിപ്പിച്ചാണ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ തീക്ഷണതയിൽ നിന്ന് കലയുടെ അനശ്വരതയിലേക്ക് അദ്ദേഹം നടന്നുകയറി. നാടകവും അഭിനയവും മനസ്സിൽ കൊണ്ടുനടന്നവന് സിനിമ വിദൂരതയിൽ മിന്നുന്ന താരമായിരുന്നു. സുഹൃത്തുക്കളുടെ കൈത്താങ്ങിലൂടെ അവൻ സ്വപ്‌നപാതയിലേക്ക് ഇരച്ചെത്തുകയായിരുന്നു.


നടൻ ജോസ് പ്രകാശിന്റെ മകൻ രാജനുമായുള്ള അടുപ്പമാണ് സിനിമയിലേക്കുള്ള വഴി വേഗത്തിലാക്കിയത്. രാജന്റെ കടയിലെ നിത്യ സന്ദർശകനായ കൃഷ്ണൻനായരെ രാജൻ അച്ഛന് പരിചയപ്പെടുത്തി. ജോസ്പ്രകാശുമായി ചങ്ങാത്തത്തിലായ കൃഷ്‌ണൻ നായർക്ക് അദ്ദേഹം വഴി സംവിധായകൻ ജേസിയുടെ 'ശാപമോക്ഷം' സിനിമയിലേക്കുള്ള അവസരം ലഭിച്ചു. വിവാഹവേദിയിലെ ഗായകന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയിൽ സജീവമാകാൻ തുടങ്ങിയ കൃഷ്ണൻനായർക്ക് സംവിധായകൻ ജേസിയുടെ സമ്മതത്തോടെ ജയൻ എന്ന പുതുപേര് സമ്മാനിച്ചത് ജോസ് പ്രകാശാണെന്നത് പലതവണ കേട്ടുകഴിഞ്ഞ ചരിത്രം.


ശാപമോക്ഷം യഥാർഥത്തിൽ ചെറുവേഷങ്ങളിൽ നിന്നുള്ള മോക്ഷമായി. ഉമ്മറും ഷീലയും ജോസ്പ്രകാശുമെല്ലാം ഇരിക്കുന്ന വേദിയിൽ ഗായകനായെത്തിയ വേഷവും 'ആദ്യത്തെ രാത്രിയെ വരവേൽക്കാൻ കാർത്തിക വിളക്കുകൾ കൊളുത്തികണ്ണുകൾ...' എന്ന ഗാനവും ഏറെക്കാലം ആരാധകരുടെ ചുണ്ടുകളിൽ നിറഞ്ഞുനിന്നു. ശരീരഭാഷതന്നെയായിരുന്നു തുടക്കത്തിൽ ജയനെ വേറിട്ടുനിർത്തിയത്. ഒന്നോ രണ്ടോ സീനുകളിലാണ് വന്നുപോകുന്നതെങ്കിലും ജയൻ കഥാപാത്രങ്ങൾ മനസ്സിൽ തറച്ചുകിടന്നു. ചെറുവേഷത്തിലെങ്കിലും എ.ബി.രാജിന്റെ സിനിമകളിൽ അക്കാലത്തെല്ലാം ജയൻ പലതവണ വന്നുപോയി. കുഞ്ചാക്കോ, പ്രേംനസീർ ചിത്രങ്ങളുടേയും ജേസി, കമൽഹാസൻ സിനിമകളുടേയും ഭാഗമായി മുന്നോട്ടുകുതിച്ചു.


1976 ൽ പുറത്തിറങ്ങിയ പ്രേംനസീർ ചിത്രം 'പഞ്ചമി' ജയനു വഴിത്തിരിവായി. പഞ്ചമിയിലെ വില്ലൻ ഫോറസ്റ്റ് ഓഫീസറുടെ മുഖം ആഴത്തിൽ പതിഞ്ഞു. ജയഭാരതിയെ കയറിപ്പിടിക്കാൻ വരുന്ന ജയന്റെ മുഖം സിനിമകണ്ടിറിങ്ങിയവരിലെല്ലാം ഞെട്ടലോടെയാണ് ഓർത്തത്. പഞ്ചമിയിലെ ജോൺസൺ എന്ന കൊടുംവില്ലന്റെ വേഷം ഉമ്മറിനുവേണ്ടി പറഞ്ഞുവച്ചതായിരുന്നു. അവസാന നിമിഷത്തിൽ ഉമ്മറിന്റെ അസൗകര്യം ജയനു നറുക്കുവീഴ്ത്തുകയായിരുന്നു. ജയന്റെ അമ്മാവന്റെ മകളായ ജയഭാരതിയാണ് സംവിധായകനുമുന്നിൽ ജയൻ് പേരുവയ്ക്കുന്നത്. പഞ്ചമി പ്രദർശനത്തിനെത്തിയതോടെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ജയനുകൂട്ടുവന്നു.




പ്രേം നസീറിനൊത്ത് ജയൻ അഭിനയിച്ച ചിത്രങ്ങളിലധികവും ഹിറ്റ് ലിസ്റ്റിൽ ഇടംനേടി. 'അമ്പടി ജിഞ്ചിന്നാക്കടിയെ...' എന്ന ഡയലോഗുമായി പ്രേംനസീറായി തിമർത്ത ശശികുമാറിന്റെ രതിമന്മഥനിൽ മുറപ്പെണ്ണിനെ സ്വന്തമാക്കി അമ്മാവൻ്റെ സ്വത്തുകൾ കൈക്കലാക്കാൻ ശ്രമിക്കുന്ന ശേഖരനായി ജയൻ നിറഞ്ഞു നിന്നു. ശശികുമാർ, ഐ.വി ശശി, ശ്രീകുമാരൻ തമ്പി, കെ.എസ്. സേതുമാധവൻ എന്നീ സംവിധായകരുമായെല്ലാം സഹകരിച്ച് ജയൻ സിനിമകൾ പ്രദർശനത്തിനെത്തി.






മലയാറ്റൂർ രാമകൃഷ്‌ണൻ്റെ കഥയെ ആസ്പ‌ദമാക്കി ഹരിഹരൻ ഒരുക്കിയ ശരപഞ്ചരം സിനിമയിൽ വില്ലൻ കേന്ദ്രകഥാപാത്രം ജയന് പുതിയൊരു മുഖം സമ്മാനിച്ചു. കുതിരക്കാരനായി വന്ന് കുടുംബക്കാരനായി മാറിയ ജയന്റെ പ്രകടനം തന്നെയായിരുന്നു ശരപഞ്ചരത്തിന്റെ നട്ടെല്ല്. കുതിരയെ എണ്ണ തേച്ചുപിടിപ്പിക്കുന്ന ചിത്രത്തിലെ രംഗം അന്നും ഇന്നും പ്രേക്ഷകരിൽ ഹരം നിരക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സും ഷീലയുടെ വെടിയേറ്റ് കൊക്കയിലേക്ക് വീഴുന്ന ചന്ദ്രശേഖരനെന്ന കഥാപാത്രത്തെ നെഞ്ചിടിപ്പോടെയാണ് കാണികൾ കണ്ടിരുന്നത്.

ജയൻ എന്ന നടനിൽ നിന്നും ജയനെന്ന താരം പിറക്കുന്നത് ശരപഞ്ചരത്തിലൂടെയാണ്. കരുത്തുറ്റ വേഷങ്ങൾ ജയനെ വിശ്വസിച്ചേൽപ്പിക്കാമെന്ന ധൈര്യം അണിയറപ്രവർത്തകരിൽ ശരപഞ്ചരം ഉണ്ടാക്കികൊടുത്തു. വില്ലനായും സഹനടനായും നായകനായും പിന്നീടുള്ള വളർച്ച അതിശയിപ്പിക്കുന്നയാരുന്നു. ശബ്ദഗാഭീര്യതയും സാഹസികരംഗങ്ങളോടുള്ള പ്രണയവും ആ വളർച്ചയ്ക്ക് ആക്കം കൂട്ടി.

പുലിക്കുട്ടിയെ തോളിലെടുക്കാനും മലമ്പാമ്പുമായി മൽപ്പിടുത്തം നടത്താനും ആനക്കൊപ്പിൽ തൂങ്ങിയാടാനും ഗ്ലാസ് മതിലുകൾ തകർത്ത് ചീറിപ്പാഞ്ഞുവരാനും ഡ്യൂപ്പുകളെ ആവശ്യമില്ലാത്ത നടനായിരുന്നു ജയൻ. തനിക്കു കിട്ടുന്ന കയ്യടികൾ തന്റെ അദ്ധ്വാനത്തിൻ്റെ ഫലമാകണം എന്ന ചിന്തയായിരുന്നു അതിനെല്ലാം പിറകിൽ.


നസീറിനൊപ്പം കൈകോർത്തും കൊമ്പുകോർത്തും ജയൻ പലരൂപത്തിലും ഭാവത്തിലുമായെത്തി. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം നിർമാതാവിൻന്റെ കീശനിറച്ച ചിത്രങ്ങളുമായിരുന്നു. ശശികുമാറിന്റെ പിക്പോക്കറ്റിൽ നസീറിൻ്റെ അച്ഛൻ വേഷത്തിലായിരുന്നു ജയൻ. എന്നാൽ അഭിനയജീവിതത്തിൻ്റെ വളർച്ചയിൽ ജയൻ കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ നസീർ സഹനടനായി എത്തിയെന്നതും ചരിത്രം.

ജയന്റെ വളർച്ചയിൽ നസീറിന്റെ കാര്യമായ ഇടപെടെലുണ്ടായിരുന്നെന്ന് അണിയറ പ്രവർത്തകരുടെ സാക്ഷ്യം. ചന്ദ്രഹാസം, പാലാട്ട് കുഞ്ഞിക്കണ്ണൻ, കരിപുരണ്ട ജീവിതങ്ങൾ, പ്രഭു, ഇരുമ്പഴികൾ, മാമാങ്കം, ലവ് ഇൻ സിംഗപ്പൂർ, തച്ചോളി അമ്പു ഇങ്ങനെ നീളുന്നു ആ നിര.


ജയന്റെ സാഹസികതയിൽ തീയേറ്ററുകൾ ഇളകിമറിഞ്ഞു, അതിനിടയിൽ ഇരട്ടവേഷങ്ങളിലും ജയൻ വെള്ളിത്തരയിലെത്തി. 'ആവേശം' സിനിമയിൽ ഇരട്ടവേഷങ്ങൾ (ഗോപി, രവി) തമ്മിൽ ഏറ്റമുട്ടുന്നരംഗം ആവേഷത്തോടെമാത്രമേ കാണാൻ കഴിയൂ. കൈവിരൽ കുത്തികീറി ജയൻ നടത്തുന്ന ശപഥവും മുതലയും കരടിയും പുലിയുമായെല്ലാം നടത്തുന്ന മൽപ്പിടുത്തവും ആവേശം സിനിമയുടെഹൈലേറ്റുകളായിരുന്നു. പാറക്കെട്ടും വെള്ളച്ചാട്ടവും നിറഞ്ഞ സ്ഥലത്തു ചിത്രീകരിച്ച ആവേശത്തിൻ്റെ ക്ലൈമാക്സ് രംഗവും സാഹസികതകൾകൊണ്ട് സമ്പന്നമാണ്.

പ്രേംനസീർ മാത്രമല്ല മധുവും സുകുമാരനും കമൽഹാസനുമെല്ലാം വിസ്‌മയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മുന്നേറുന്നകാലത്താണ് ജയന്റെ ഉയർച്ച. ഗൃഹലക്ഷ്മി പ്രൊഡക്ഷൻ്റെ ബാനറിൽ ഐ.വി ശശി ഒരുക്കിയ 'അങ്ങാടി' അക്കാലത്ത് ബോക്‌സ് ഓഫീസുകളെ ഇളക്കിമറിച്ചു. അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയും അയാളിൽ നിന്നു പുറത്തുവരുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും തീയേറ്ററുകളിൽ ഭൂകമ്പം തീർത്തു. ഐ.വി ശശി ജയൻ കോമ്പിനേഷനിലെത്തിയ കരിമ്പനയും മീനുമെല്ലാം ഇന്നും യുട്യൂബിൽ കാഴ്ച്ചക്കാരേറെയുള്ള സിനിമകളാണ്.

ജയന്റെ പോലീസ് വേഷങ്ങൾ പ്രേക്ഷകർക്കെന്നും പ്രിയപ്പെട്ടതായിരുന്നു. കുറ്റവാളികളോട് ക്രൂരമായി പെരുമാറുന്ന നിയമം നടത്താൻ നിയമം ലംഘിച്ചും മുന്നോട്ടുപോകുന്ന പോലീസ് ഓഫീസറെയാണ് 'നായാട്ടിൽ' കാണുന്നത്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത ജയൻ ചിത്രം നായാട്ടിൽ സഹതാരാമായാണ് പ്രേംനസീർ പ്രത്യക്ഷപ്പെട്ടത്. കഥയിൽ പ്രേംനസീറിന് പ്രാധാന്യമുള്ള രംഗങ്ങളേറെ നൽകുന്നുണ്ടെങ്കിലും നായകൻ ജയൻ തന്നെയായിരുന്നു. പോലീസ് ഉദ്യോഗം നഷ്ട‌പ്പെട്ടശേഷവും സമൂഹത്തിലെ ദുഷ്ട ശക്തികൾക്കെതിരെ പോരാടുന്ന കരുത്താർന്ന വ്യക്തിയായി നായാട്ടിലെ നായകൻ മാറി.

കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രം കണ്ട നടനായിരുന്നു ജയൻ. വേഷങ്ങളുടെഇമേജ് വ്യക്തി ജീവിതത്തിലോ താരപകിട്ടിനേയോ സ്വാധീനിക്കില്ലെന്ന വിശ്വാസം വച്ചുപുലർത്തി. നായകനായി നിൽക്കുമ്പോൾ തന്നെ നരവധി പരുക്കൻ വേഷങ്ങൾ സ്വീകരിച്ചു. പ്രണയപരവശയായി തന്നെ സമീപിക്കുന്ന നായികയോട് സ്നേഹം എന്നൊരു വികാരമുണ്ടോയെന്ന് സംശയത്തോടെ ചോദിക്കുന്നവനാണ് കാന്തവലയത്തിലെ കേന്ദ്രകഥാപാത്രം.

നിരവധി പെൺകുട്ടികളെ വഴിപിഴപ്പിച്ചവനാണ് ഞാനെന്ന് ഉദ്ഘോഷിക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ ഒരു മടിയും കൂടാതെ ജയൻ സ്വീകരിച്ചു. പെങ്ങളുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഒരുമ്പട്ടിറങ്ങുന്ന ജോഷിയുടെ മൂർഖൻ, കറുത്തിരുണ്ട് വസൂരിക്കലവീണ മുഖവുമായി തമിഴ് മലയാളം സംസാരിക്കുന്ന ജംബുലിംഗം, കണ്ണപ്പനുണ്ണിയിലെ ഇളവന്നൂർ ഇടുമ്പൻ, അങ്ങിനെ ഓർമ്മയിലേക്ക് ഇരച്ചുകയറുന്ന ജയൻ കഥാപാത്രങ്ങൾ ഏറെ. മലയാളത്തിലെ അന്നത്തെ ഒട്ടുമിക്ക പ്രധാന നായികമാരും ജയൻ ചിത്രങ്ങളുടെ ഭാഗമായി, സീമയാണ് ഏറ്റവും കൂടുതൽ ജയൻ്റെ നായികയായി വേഷമിട്ടത്. ദീപം എന്ന ചിത്രത്തിൽ സീമയുടെ മകന്റെ വേഷത്തിലും ജയൻ അഭിനയിച്ചിട്ടുണ്ട്.

ജയനും ജയഭാരതിയും ഒന്നിക്കുന്നസിനിമകളും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കടത്തനാട്ടുമാക്കവും അറിയപ്പെടാത്ത രഹസ്യവും കരിപുരണ്ട ജീവിതങ്ങളും പുതിയവെളിച്ചവും അഗ്‌നിശരവുമെല്ലാം ആഘോഷിക്കപ്പെട്ടവയിൽ ചിലതുമാത്രം. ജയന്റെ ആദ്യനായിക നന്ദിതാബോസും അവസാന നായിക സുമലതയുമായിരുന്നു.

മദിരാശിയിലെ ഷോളാവാരത്ത് ജയൻ അപകടത്തിൽപ്പെട്ട് മരിക്കുമ്പോൾ കേരളക്കരയിലെ ഓലക്കൊട്ടകകളിലും കോൺക്രീറ്റ് തീയേറ്ററുകളിലും അദ്ദേഹത്തിന്റെ്റെ സിനിമകളായ ദീപവും അന്തപ്പുരവും നിറഞ്ഞോടുകയായിരുന്നു. സിനിമയ്ക്കിടയിൽ പെട്ടെന്ന് വെളളിത്തിരയിൽ തെളിഞ്ഞ അറിയിപ്പ് അന്ന് പ്രേക്ഷകരെ നടുക്കി.അലറിവിളിച്ചുകൊണ്ടാണ് പലരും തീയേറ്ററിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയത്.


കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ജയൻ അന്തരിച്ചു എന്ന വാർത്തയാണ് ബിഗ് സ്ക്രീനിൽ എഴുതികാണിച്ചിരുന്നത്. കോളിക്കത്തോടെ മറഞ്ഞെങ്കിലും, മരണശേഷവും പത്തോളം ജയൻചിത്രങ്ങൾ പ്രദർശനത്തിനെത്തി. ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളിൽ ജയന്റെ ശബ്ദ‌ത്തിനു സമാനമായ ശബ്ദം ഉപയോഗിച്ചാണ് ഡബ്ബിങ്ങ് ജോലികൾ പൂർത്തിയാക്കിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി