തൊട്ടതെല്ലാം പൊന്നാക്കി രത്തൻ ടാറ്റ മടങ്ങി




യുഗാന്ത്യം; വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട 

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു.

ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടർത്തിയ വ്യവസായി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകൻ, ഉപ്പ് മുതൽ സോഫ്റ്റ് വെയർ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരൻ, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയർത്തിപ്പിടിച്ച ഒറ്റയാൻ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് രത്തൻ നേവൽ ടാറ്റ.

1937 ഡിസംബർ 28, ബോംബെയിൽ ജനനം. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ൽ അമേരിക്കയിലെ കോർണൽ സർവകലാശാലയിൽനിന്ന് ആർക്കിടെക്‌ചറിൽ ബിരുദം നേടി. 1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ൽ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.

1991ൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റു. രാജ്യം ഉദാരവൽക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയിൽ ഉറപ്പിച്ചുനിർത്തി. 1998 ഡിസംബർ 30ന് ഇന്ത്യയിൽ നിർമിച്ച 'ഇൻഡിക്ക' കാർ പുറത്തിറക്കി. ഇൻഡിക്ക വി2 കാറിലൂടെ വിപണിയിൽ ചരിത്രം സൃഷ്‌ടിച്ചു. 2008 ൽ വിഖ്യാത കാർ കമ്പനിയായ ഫോഡിന്റെ ജാഗ്വർ, ലാൻഡ് ലോവർ വിഭാഗങ്ങൾ ഏറ്റെടുത്തു. 2009 ൽ നാനോ കാർ വിപണയിലെത്തിച്ചു. ഇത് ഇന്ത്യൻ വാഹന ചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

2000-ൽ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്ലി ടീ ഏറ്റെടുത്തു. 2004-ൽ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിന്റെ ട്രക്ക്- നിർമ്മാണ വിഭാഗം ഏറ്റെടുത്തു. 2007-ൽ ആംഗ്ലോ-ഡച്ച് സ്റ്റീൽ കമ്പനി കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തു. ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീൽ ഉത്പാദകരമായി ടാറ്റ സ്റ്റീലിനെ മാറ്റി. 2012 ൽ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചു. നിരവധി സ്റ്റാർട്ടപ്പുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രത്തൻ ടാറ്റ പിന്തുണ നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി