വികസനമില്ല; കക്കയം കെഎച്ച്ഇപി ജിഎൽപി സ്‌കൂളിന് ഫണ്ട് നൽകുന്നില്ല
സ്‌കൂളിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നില്ലെന്ന് പരാതി
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കക്കയം കെഎച്ച്ഇപി ജിഎൽപി സ്‌കൂൾ അസൗകര്യങ്ങളിൽ കഴിയുമ്പോഴും പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാത്തതിനാൽ സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. കെഎസ്ഇബിയുടെ കെട്ടിടത്തിൽ വാടക നൽകാതെ പ്രവർത്തിക്കുന്ന സ്കൂളിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കാൻ സാങ്കേതിക പ്രശ്നമുണ്ടെന്ന് അധികൃതർ പറയുന്നു. ഓടുമേഞ്ഞ സ്കൂളിന്റെ ഓഫിസ് ഉൾപ്പെടെ മഴ പെയ്താൽ ഇപ്പോൾ ചോരുന്ന സ്ഥിതിയാണ്. ജനൽപാളികൾ ചിതലരിച്ചു നശിച്ചതിനാൽ ജനലുകൾ അടക്കാൻ സാധിക്കില്ല. അടുക്കളയും, അനുബന്ധ മേഖലകളും നവീകരണ പ്രവൃത്തി നടത്താത്തതും പ്രശ്നമാണ്. വിദ്യാർഥികൾക്കു വൃത്തിയുള്ള ശുചിമുറി സൗകര്യവും നിലവിൽ ഇല്ല. കടുത്ത വെയിലിൽ ക്ലാസ് റൂമിൽ ഇരിക്കാൻ കഴിയാത്തതിനാൽ റുമുകൾ സീലിങ് പ്രവൃത്തി പൂർത്തീകരിക്കണം.
കക്കയം അമ്പലക്കുന്ന് നഗറിലെ 5 ആദിവാസി വിദ്യാർഥികൾ
ഉൾപ്പെടെ 50 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. പഞ്ചായത്തിൻറെ കീഴിലുള്ള ഈ സ്കൂളിൽ
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണസമിതി അലംഭാ വം കാണിക്കുന്നതായി ആക്ഷേപമുണ്ട്.
8 വർഷം മുൻപു ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്ത് നിർമിച്ച പുതിയ സ്കൂളിന്റെ 2 ക്ലാസ് മുറി കെട്ടിടവും ഉപയോഗ രഹിതമായി. റോഡ്, കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ചട്ടവിരുദ്ധമായി പുതിയ സ്‌ഥലം വാങ്ങി നിർമാണ പ്രവൃത്തി നടത്തിയതിൽ ചെലവഴിച്ച തുക മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും നിർവഹണ ഉദ്യോഗസ്ഥനിൽ നിന്നും ഈടാക്കാൻ ഓഡിറ്റ് വിഭാഗത്തിന്റെ നിർദേശം ഉണ്ട്. കെഎസ്ഇബിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഫണ്ട് അനുവദിക്കണമെങ്കിൽ സർക്കാരിൽ നിന്നും അനു മതി വാങ്ങണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
🧾 ജോബി മാത്യു


Comments
Post a Comment