കക്കയത്തെ ദുഃഖത്തിലാഴ്ത്തി ആന്റപ്പന്റെ വേർപ്പാട്
കക്കയം: സാമൂഹിക പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച് മാതൃകയായിരുന്ന കുരാച്ചുണ്ട് പഞ്ചായത്ത് മുൻ സ്‌ഥിരം സമിതി അധ്യക്ഷൻ പള്ളിപ്പറമ്പിൽ ആന്റണി വിൻസന്റിന്റെ വേർപാട് കക്കയം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി.
കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ നാട്ടുകാരുടെ ആന്റപ്പൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുപ്രവർത്തന രംഗത്ത് മാതൃകയായിരുന്നു.
കഴിഞ്ഞ 10 വർഷമായി സിപിഎം പാർട്ടിയിൽ സജീവമായിരുന്ന ഇദ്ദേഹം നിലവിൽ പാർട്ടി കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി മെംബർ ആണ്. കർഷകസംഘത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടിന്റെ പൊതു വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നില കൊള്ളാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.
മലയോര മേഖലയിലെ കർഷകരുടെ ഭൂനികുതി പ്രശ്നത്തിൽ നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു.
വന്യജീവി ആക്രമണത്തിന് എതിരെ നടന്ന പ്രക്ഷോഭങ്ങളിലും മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ടൂറിസം മുന്നേറ്റത്തിന് ഇടയാക്കുന്ന കക്കയം - മുതുകാട് റോഡ് യാഥാർഥ്യമാക്കാൻ രൂപീകരിച്ച കർമസമിതിയുടെ കൺവീനറായി പ്രവർത്തിച്ചുവരികയായിരുന്നു.
കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം നവീകരിക്കാൻ പ്രധാന പങ്കുവഹിച്ചു. കക്കയത്തിന്റെ ടൂറിസം വികസനത്തിനും, കോളനി വൈദ്യുതീകരണത്തിനും പ്രവർത്തിച്ചിട്ടുണ്ട്.
കക്കയം മേഖലയിൽ വീടുകൾ വൈദ്യുതീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. 30-ാം മൈൽ - തുവക്കടവ് റോഡ് യാഥാർഥ്യമാക്കാൻ ശ്രമം നടത്തി. പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പിലാക്കി ശുദ്ധജല പദ്ധതികൾ പൂർത്തീകരിക്കാൻ സജീവമായി പ്രവർത്തിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ലക്ഷക്കണക്കിനു രൂപ സർക്കാരിൽ നിന്നും അനുവദിപ്പിക്കാനും, മലയോര മേഖലയിലെ ഒട്ടേറെ പഞ്ചായത്ത് റോഡു കളുടെ നവീകരണത്തിനും ജന പ്രതിനിധി എന്ന നിലയിൽ ജനpങ്ങൾക്കൊപ്പം നിലനിന്നിരുന്നു.
സാധാരണ ജനങ്ങൾക്കൊപ്പം നിലനിന്നിരുന്ന ആന്റപ്പൻ രാപകൽ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യത്തിന് ഇറങ്ങിത്തിരിക്കുന്ന പൊതുപ്രവർത്തകൻ കൂടി ആയിരുന്നു.
✍🏻ജോബി മാത്യു

Comments
Post a Comment