ചക്കിട്ടപാറ സ്വദേശിയായ അധ്യാപകന് അധ്യാപക ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയുടെ സ്നേഹാദരം
എന്റെ ഗുരുനാഥൻ
.................................................
(ഡെയ്സി ടീച്ചറും അലക്സ് സാറും)
ചക്കിട്ടപാറ കൂവ്വപൊയിൽ
സ്വദേശിയാണ് രണ്ടുപ്ലാക്കൽ അലക്സ് സാർ. കൂരാച്ചുണ്ട് സ്വദേശിയാണ് ഭാര്യ പെരുമ്പനാനിക്കൽ ഡെയ്സി ടീച്ചർ..
വീണ്ടും ഒരു അധ്യാപക ദിനം കൂടി കടന്നുവരുമ്പോൾ ആദ്യാക്ഷരം പറഞ്ഞു തന്ന മോനിക്കാമ്മ ടീച്ചർ മുതൽ എം.എ.യ്ക്ക് സാഹിത്യ സിദ്ധാന്തം പഠിപ്പിച്ച രാധാകൃഷ്ണൻ മാഷ് വരെയുള്ള എല്ലാ അധ്യാപകരും എന്റെ മനോമുകുരത്തിൽ മിഴിവോടെ തെളിഞ്ഞു വരുന്നുണ്ട്. അതിൽ ഒരാൾ ഏറ്റവും തെളിവോടെ ഇന്നും എന്റെ ഹൃദയത്തിൽ സ്ഥിര താമസമാക്കിയിട്ടുണ്ട്. എന്റെ പ്രിയ ഗുരുനാഥൻ അലക്സ് സാർ.. പെരുമ്പടവത്തിന്റെ ഭാഷയിൽ പറഞ്ഞാൽ " ഹൃദയത്തിന്റെ മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ "
എം.എ. വരെയുള്ള വിദ്യാഭ്യാസ കാലയളവിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്കൂൾ സെന്റ് ജോസഫ്സ് യു പി സ്കൂൾ വെള്ളരിക്കുണ്ടിലെ അന്നത്തെ കാലത്തെ അധ്യാപകരായിരുന്നു. നാരകത്തറ മാത്യുസാർ , പുതുമന ബേബി സാർ , അലക്സ് സാർ , സത്യഭാമ ടീച്ചർ, ധർമ്മ ടീച്ചർ, ഗ്രേസമ്മ ടീച്ചർ, സൂസമ്മ ടീച്ചർ, ഷേർലി ടീച്ചർ, ബെൻസി ടീച്ചർ, ബെറ്റ്സി ടീച്ചർ തുടങ്ങിയ പ്രഗത്ഭരുടെ നീണ്ട നിര....
1989 - 90 കാലത്ത് 5ാം ക്ലാസ്സിലേക്ക് എത്തുന്ന എന്നോട് എനിക്ക് മുമ്പ് ആ സരസ്വതീ ക്ഷേത്രത്തിലെത്തിയിരുന്ന എന്റെ ഏട്ടൻ എന്നോടു പറഞ്ഞു......." കുഞ്ഞേ, ഉറുദു പഠിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയണം എന്നാലേ അലക്സ് സാറിന്റെ ക്ലാസ്സിലിരിക്കാൻ പറ്റൂ..... സാറിന്റെ ക്ലാസ്സ് അത് ഒരു അനുഭൂതിയാണ്. അത് നഷ്ടപ്പെടുത്തരുത് " ഏട്ടന്റെ വാക്ക് ശിരസ്സാവഹിച്ച ഞാൻ അങ്ങനെ അലക്സ് സാറിന്റെ ക്ലാസ്സിലെത്തി. സാറിന്റെ മലയാളം ക്ലാസ്സ്... ചങ്ങമ്പുഴയുടെ രമണനിലെ ആദ്യഭാഗമായ "ഗ്രാമഭംഗി " പഠിപ്പിച്ചു കൊണ്ട് തുടങ്ങി.... തിങ്ങിവിങ്ങിയ മലരണിക്കാടുകൾ ഹൃദയത്തിൽ പുളകം നിറച്ചു കൊണ്ടു തുടങ്ങിയ ക്ലാസ്സ് ... ഓരോ കുട്ടികളെയും സൂക്ഷ്മമായി വിലയിരുത്തി കൃത്യമായ രീതിയിലുള്ള അധ്യാപനം. അതോടൊപ്പം വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്തുക; കലാപരമായ കഴിവുകളെ വികസിപ്പിക്കുക , വായിക്കുവാൻ പ്രേരിപ്പിക്കുക; അങ്ങനെ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായ ഗുരുനാഥൻ. അന്ന് ഞങ്ങൾ മുടി ചീകിയിരുന്നത് ഒരു വശത്തേക്ക് വകഞ്ഞു വെക്കലാണ്. സാറ് ആ രീതി മാറ്റണം എന്നും എല്ലാവരും ഡിസ്കോ സ്റ്റൈൽ [ മുടി പൂർണ്ണമായും മുകളിലേക്ക് ചീകി വെക്കൽ ] ആക്കാനും നിർദ്ദേശിച്ചു. എല്ലാവരും അത് അനുസരിക്കുകയും ചെയ്തു. അന്ന് കൂടെ പഠിച്ചിരുന്ന അജി.എം.കെ. തന്റെ മുള്ളൻ മുടിയെ ഡിസ്കോ ആക്കാനായി തലനിറച്ച് എണ്ണ തേച്ച് തലയോട്ടിയിൽ പറ്റിച്ചു വെച്ചതു പോലെ [ റാംജിറാവു മോഡൽ ] ക്ലാസ്സിൽ വന്നു. അത് സൂക്ഷിച്ച് നോക്കിയ സാർ ഒറ്റ ചോദ്യമാണ്" അജിയേ , നിന്റെ തലയെന്താടാ പശു നക്കിയോ ?: കൂട്ടച്ചിരിക്ക് നടുവിൽ കൂസലില്ലാതെ നിൽക്കുന്നു അജി [ ഇന്നും അവനാ കൂസലില്ലായ്മയുണ്ട് ]
ഒരു ദിവസം ഞാനും അജിയും തമ്മിൽ പൊരിഞ്ഞ അടി.... അലക്സ് സാർ വന്ന് പിടിച്ചു മാറ്റുന്നു. അടി ഉറപ്പാക്കി ഞാനും അവനും നിൽക്കുമ്പോൾ സാറിന്റെ ചോദ്യം......." സതീഷേ , നീയിന്നലെ സർക്കസ്സിന് പോയോ ?
(അന്ന് നാട്ടിൽ ഒന്നോ രണ്ടോ ആഴ്ച തമ്പടിച്ച് സർക്കസ് കളിക്കുന്നവരുണ്ട്. അവർ ഞങ്ങളുടെ നാട്ടിലും എത്തിയിട്ടുണ്ട്. ശരിക്കും ഉത്സവം തന്നെ ]
പോയി
നീയോടാ....?
പോയി
ഇന്നലെ ഏത് പാട്ട് പാടിയാ അവര് ഡാൻസ് കളിച്ചേ....?
കിണ്ടാണ്ടം കിണ്ടാണ്ടം വാസൂനെ തൊടാൻ കിട്ടൂലാ എന്ന പാട്ട്
നിനക്ക് ആ പാട്ട് അറിയുവോ....?
അറിയാം സാർ
എന്നാൽ നീ പാട് ഇവൻ ഡാൻസ് ചെയ്യട്ടേ
ഞാൻ പാടാൻ തുടങ്ങി" ആന പെറ്റതൊരാട് ആടിനെന്തൊരു ചേല് "
എന്റെ പാട്ടിനനുസരിച്ച് അജിയുടെ വക ഗംഭീര ഡാൻസ്.
ക്ലാസ്സ് മുഴുവൻ ചിരിയിൽ . പാടിയും കളിച്ചും തല്ലു കൂടിയ ഞങ്ങളും കെട്ടിപ്പിടിച്ചു ചിരിച്ചു. കുട്ടികളുടെ മനസ്സിലെ കാലുഷ്യം ഇങ്ങനെയല്ലാതെ സാറിനല്ലാതെ മറ്റാർക്കാണ് ഇത്ര ലളിതമായി പരിഹരിക്കാനാവുക....നന്ദി അലക്സ് സാറേ സൗഹൃദം പഠിപ്പിച്ചതിന്
ആലി ബാവയും ആറരക്കള്ളന്മാരും , ഗള്ളിവറുടെ യാത്രകളും സാറ് പറഞ്ഞ് തന്നത് ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നതാണ് വായനയിലേക്ക് തിരിയുവാനുള്ള കാരണം. ആറാം ക്ലാസ്സിൽ എത്തിയപ്പോൾ ആദ്യമാസത്തിൽ ബുക്ക് വാങ്ങാൻ കാശില്ലാത്ത ഞാൻ പഴയ നോട്ടുബുക്കിന്റെ താളിൽ റീഫില്ലർ കൊണ്ട് എഴുതുന്നത് കണ്ട് ആദ്യ ടേമിലേക്കുള്ള മുഴുവൻ ബുക്കുകളും രണ്ട് റെയ്നോൾഡ് പെന്നും വാങ്ങിത്തന്ന് " നന്നായി പഠിക്കെടാ" എന്ന് പറഞ്ഞ് തോളിൽ തട്ടി നടന്ന് പോയ അലക്സ് സാർ ഇന്നും എന്റെ മനസ്സിലെ മായാത്ത ചിത്രമാണ്. എനിക്ക് പ്രസംഗിക്കാനാവും എന്ന് മനസ്സിലാക്കി അതിന് പ്രോത്സാഹിപ്പിക്കുകയും വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത അലക്സ് സാർ.... ദൗർഭാഗ്യമാവാം പഠിച്ചിട്ടും എവിടെയും എത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. രണ്ടു വർഷം മുമ്പ് ഞാനും എന്റെ മകനും അലക്സ് സാറിനെ കാണുന്നു. ഞാൻ സാറിനെ പരിചയപ്പെടുത്തി കൊടുത്തു.ആ സമയം മകനോട് അദ്ദേഹം പറയുകയാണ്........ " ഇവൻ എന്നും എന്റെ പ്രിയ ശിഷ്യനാണ് " എന്ന്.....
ഈ അധ്യാപകദിനത്തിൽ ഞാൻ അങ്ങയെ ഓർക്കുന്നു ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അളവറ്റ ബഹുമാനത്തോടെ..... അങ്ങേയ്ക്ക് ഞാൻ നേരുന്നു
" അധ്യാപകദിനാശംസകൾ".......
✍🏻സതീഷ് എംകെ

Comments
Post a Comment