പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ കെട്ടിടം ചുറ്റുമതിലിൽ തട്ടി ഉദ്ഘാടനം പാളി
പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ കെട്ടിടം ഉദ്ഘാടനം വൈകുന്നു.
മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന സ്‌റ്റേഷനിൽ കനത്ത സുരക്ഷാസംവിധാനം ഏർപ്പെടുത്തണം
✍🏻ജോബി മാത്യു
ചക്കിട്ടപാറ: പെരുവണ്ണാമുഴി കഴിഞ്ഞ 8 വർഷത്തോളമായി അസൗകര്യങ്ങളിൽ പന്തിരിക്കര ടൗണിലെ വാടകക്കെട്ടിടത്തിനു മുകളിൽ പ്രവർത്തിക്കുന്ന പൊലീസ് സ്‌റ്റേഷൻ പെരുവണ്ണാമുഴിയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ വൈകുന്നു.
പെരുവണ്ണാമുഴി ടൗണിലെ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയ 50 സെന്റിൽ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.
ആദ്യഘട്ടത്തിൽ 1.46 കോടി രൂപ അനുവദിച്ചാണ് കെട്ടിടം പണിതത്. ചുറ്റുമതിൽ, പാർക്കിങ്, മുറ്റം നവീകരണം എന്നിവയ്ക്കായി ഫണ്ട് അനുവദിക്കാത്തതാണു പ്രശ്നം. രണ്ടാംഘട്ട പ്രവൃത്തിക്ക് 1.45 കോടിയുടെ എസ്‌റ്റിമേറ്റ് അനുമതിക്കായി സമർപ്പിച്ചെങ്കിലും സർക്കാർ ഫണ്ട് ലഭ്യമാകാത്തതാണ് തടസ്സം. ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രധാന പൊലീസ് സ്‌റ്റേഷനുകളിൽ ഒന്നാണ് ഇത്. പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുതുകാട് മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ തവണ മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതാണ്.
സുരക്ഷയുടെ ഭാഗമായി സ്ഥിരമായിപ്രത്യേക സേനയുടെ സേവനവും ഈ പൊലീസ് സ്‌റ്റേഷനിൽ ഉണ്ട്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്നതിനാലും, വനഭൂമി ഉള്ളതും മാവോയിസ്റ്റ‌് സംഘത്തിന് സൗകര്യമാകുമെ സൗകര്യമാകുമെന്ന് റിപ്പോർട്ട് നിലവിലുള്ളതാണ്. പുതിയതായി നിർമിച്ച കെട്ടിടത്തിലേക്ക് ചുറ്റുമതിൽ ഉൾപ്പെടെ സുരക്ഷ ഒരുക്കാതെ സ്‌റ്റേഷൻ മാറ്റാൻ നീക്കം ആരംഭിച്ചതായി അറിയുന്നു. മതിൽ ഉൾപ്പെടെനിർമിക്കാതെ അടുത്ത മാസം ഉദ്ഘാടനം നടത്താൻ ശ്രമം നടക്കുന്നതായാണു വിവരം. ചുറ്റുമതിൽ പൂർത്തീകരിക്കാതെ സ്‌റ്റേഷൻ മാറ്റിയാൽ കനത്ത സുരക്ഷാപ്രശ്നത്തിന് കാരണമാകും.
പുതിയ കെട്ടിടത്തിന്റെ പിൻവശത്ത് ജലസേചന വകുപ്പിന്റെ ഭൂ മിയിൽ ഒട്ടേറെ മരങ്ങൾ നിൽക്കുന്നതു കെട്ടിടത്തിനും സുരക്ഷയ്ക്കും പ്രശ്നമാകുന്നുണ്ട്. ജലസേചന വകുപ്പിന്റെ ഭൂമിയിൽ പെരുവണ്ണാമൂഴി അണക്കെട്ടിനു സമീപം സ്‌ഥിതി ചെയ്‌ത പൊലിസ് സ്റ്റേഷൻ കെട്ടിടം ജീർണാവസ്‌ഥയിൽ ആയതോടെയാണ് പന്തിരിക്കരയിലേയ്ക്ക് മാറ്റിയത്.

Comments
Post a Comment