ചക്കിട്ടപാറയിലെ വഴി മുടക്കുന്ന പോസ്‌റ്റുകൾ നീക്കുന്നില്ല; വികസന സമിതിയിൽ ഒറ്റയാൾ പ്രതിഷേധം
ചക്കിട്ടപാറ: മലയോര
ഹൈവേ പ്രവൃത്തി നടക്കുന്ന പെരുവണ്ണാമൂഴി - ചക്കിട്ടപാറ റോഡിൽ കെഎസ്ഇബി ഒരു വർഷം മുൻപ് സ്ഥാപിച്ച 56 ലോഹ തൂണുകൾ ഉപയോഗരഹിതമായിട്ടും പിഴുതുമാറ്റാൻ വൈകുന്നതിൽ കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അംഗം രാജൻ വർക്കി പ്രതിഷേധിച്ചു.
ഇന്നലെ നടന്ന വികസന സമിതി യോഗത്തിൽ കെഎസ്ഇബി യും, കെആർഎഫ്ബിയും രേഖകൾ പ്രകാരം നിലപാട് അവതരിപ്പിച്ചു.
തൂണുകൾ നീക്കം ചെയ്യാൻ 49 ലക്ഷം രൂപ അനുവദിക്കാൻ
കിഫ്ബിക്ക് റിപ്പോർട്ട് നൽകിയെന്ന് ഇരു വകുപ്പുകളും അറിയിച്ചു. റോഡിന്റെ യഥാർഥ വീതി നിശ്ചയിക്കാതെയാണ് പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടുപോകാൻ കെഎസ്ഇബി ലോഹ തൂണുകൾ സ്ഥാപിച്ചത്. ഹൈവേ പ്രവൃത്തിക്ക് റോഡിന്റെ വീതി നിശ്ചയിച്ചപ്പോൾ തൂണുകൾ പാതയിലായി മാറി.
തൂണുകൾ സ്ഥാപിച്ച മേഖലയിൽ ഓവുചാൽ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഈ ഭാഗത്ത് പ്രവൃത്തിക്കും, വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള വഴി പുനർനിർമിക്കാനും തൂണുകൾ തടസ്സമാണ്. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ ലക്ഷക്കണക്കിനു രൂപയാണ് നഷ്ടം സംഭവിക്കുന്നത്. ഇരു വകുപ്പുകളുടെയും ഉദാസീന നയവും ഏകോപനമില്ലായ്മയും ആരോപിച്ച് പ്ലക്കാർഡ് കഴുത്തിൽ തൂക്കിയാണു രാജൻ വർക്കി പ്രതിഷേധിച്ചത്. ഈ മാസം 30ന് അകം തൂണുകൾ മാറ്റിയില്ലെങ്കിൽ തൂണിനു മുൻപിൽ ചിരട്ടയെടുത്തു ജനങ്ങളോട് ഭിക്ഷ യാചിച്ച് പണം സ്വരൂപിച്ച് ഇരുവകുപ്പുകൾക്കും നൽകാൻ തഹസിൽദാർക്ക് കൈമാറുമെന്നും യോഗത്തിൽ രാജൻ വർക്കി അറിയിച്ചു.
✍🏻ജോബി മാത്യു

Comments
Post a Comment