കൂരാച്ചുണ്ട് - യു.ഏ.ഇ ഫൈവ് ക്യാൻഡിൽസ് കൂട്ടായ്മയുടെ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും ഷാർജയിൽ അരങ്ങേറി
കൂരാച്ചുണ്ട്: ഫൈവ് ക്യാൻഡിൽസ് കൂരാച്ചുണ്ട് യു.ഏ.ഇ കൂട്ടായ്മയുടെ 2025 വർഷത്തെ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും ഷാർജ ലാവൻഡർ ഹോട്ടലിൽ വെച്ച് ഇന്നലെ 14/09/2025 ന് പ്രൗഢഗംഭീരമായി ദുബായ് ജബൽ അലി പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാദർ അനൂപ് പൗലോസിൻ്റെ ഉത്ഘാടന കർമ്മത്തോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
യു. എ.ഇ. ലെ വിവിധ എമിറേറ്റ്സുകളിൽ നിന്ന് കൂരാച്ചുണ്ടുകാരായ നിരവധി ആളുകൾ ഫാമിലിയായും, അല്ലാതെയും പരിപാടിയിൽ പങ്കാളികളായി. രാവിലെ 10 മണിമുതൽ ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രിവരെ നീണ്ടു നിന്നു. കുട്ടികളുടെയും, മുതിർന്നവരുടെയും നേതൃത്വത്തിൽ അരങ്ങേറിയ കലാ, കായിക വിരുന്നുകൾ പരിപാടികൾക്ക് മാറ്റ് കൂട്ടി.
അതോടൊപ്പം ലാവൽഡർ ഹോട്ടലുകാർ ഒരുക്കിയ രുചിയൂറും ഓണസദ്യയും ഒരുക്കി. മലയാളികക്കൊപ്പം വിദേശികളും വാഴയിലയിൽ ഓണസദ്യ ഉണ്ടു. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലൻ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. നാടൻപാട്ടുകളും വിവിധ തരം കലാപരിപാടികളും എല്ലാവരും നന്നേ ആസ്വദിച്ചു.
കലാപരിപാടികൾ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തശേഷം ആർപ്പുവിളികളുമായി ഫോട്ടോസെഷൻ.
കൊട്ടിക്കലാശത്തിൽ പ്രായഭേദമന്യേ എല്ലാരും ഓണ പൂവിളിയുമായി നൃത്തമാടി. ഗൃഹാതുരത്വം വിളിച്ചോതിയ ഈ ഒത്തുകൂടൽ വഴി പുതു സൗഹൃദങ്ങൾ സ്ഥാപിക്കാനും ഒത്തൊരുമ എന്ന സന്ദേശം പകരാനും ഇടയായി.
അങ്ങനെ ആടിയും, പാടിയും, സൗഹൃദങ്ങൾ പങ്കുവെച്ചും കൈ കൊടുത്തും, കെട്ടിപിടിച്ചും യാത്രപറയുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു. സദ്യക്കു വിളമ്പിയ ശർക്കര പായസത്തേക്കാളും മധുരമുള്ള ഓർമ്മകളുമായി മലയാളികൾ പിരിഞ്ഞു, അടുത്ത ചിങ്ങ മാസത്തിൽ വീണ്ടും ഒത്തു ചേരാം എന്ന പ്രതീക്ഷയോടെ.







Comments
Post a Comment