വിട വാങ്ങിയത് സാധാരണക്കാരുടെ നേതാവ്





✍🏿 നിസാം കക്കയം

കക്കയം : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ സ്ഥിര സമിതി അധ്യക്ഷൻ പള്ളിപറമ്പിൽ ആന്റണി വിൻസന്റിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് സാധാരണക്കാരുടെ നേതാവിനെ. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാത്രി അദ്ദേഹം മരണപ്പെട്ടത്. സി.പി.ഐ.എം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ആന്റപ്പൻ എന്ന് സ്നേഹത്തോടെ നാട്ടുകാർ വിളിച്ചിരുന്ന ഇദ്ദേഹം ജനകീയ പ്രശ്നങ്ങളിൽ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു. മലയോര കുടിയേറ്റ ഗ്രാമമായ കക്കയം പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

കോൺഗ്രസ്‌ രാഷ്‌ട്രീയത്തിലൂടെയാണ് ആന്റപ്പൻ പൊതുരംഗത്ത് സജീവമാകുന്നത്. സിപിഎം തുടർച്ചയായി വിജയിച്ചിരുന്ന കക്കയം വാർഡ്‌ 2000ലെ തിരഞ്ഞെടുപ്പിൽ യുവ മുഖമായിരുന്ന ആന്റണി വിൻസന്റിലൂടെയാണ് കോൺഗ്രസ്‌ പിടിച്ചെടുത്തിരുന്നത്. 

അഭിപ്രായ വിത്യാസങ്ങളെ തുടർന്ന് കോൺഗ്രസ്‌ വിട്ട അദ്ദേഹം കഴിഞ്ഞ പത്ത് വർഷത്തിലധികമായി സി.പി.എമ്മിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു. നിലവിൽ കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം കർഷക സംഘത്തിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 

ഇദ്ദേഹം പഞ്ചായത്ത് അംഗമായിരുന്ന സമയത്താണ് കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണം നടന്നിരുന്നത്. മേഖലയിലെ ടൂറിസം സാധ്യതകൾ പൊതുശ്രദ്ധയിലേക്ക് എത്തിക്കാനും, ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ നിന്നും അർഹരായ നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ സർക്കാരിൽ നിന്നും അനുവദിപ്പിക്കാനും, മലയോര മേഖലയിലെ വീടുകൾ വൈദ്യുതീകരിക്കാനും ജനപ്രതിനിധി എന്ന നിലയിൽ സജീവ ഇടപെടൽ നടത്തിയിരുന്നു.

വന്യജീവി ആക്രമണങ്ങൾക്കെതിരെയും, മലയോര മേഖലയിലെ കർഷകരുടെ ഭൂനികുതി വിഷയത്തിലും നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കക്കയം അങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള സമരത്തിന്റെ മുൻ നിരയിലും ഇദ്ദേഹം ഉണ്ടായിരുന്നു.

അര നൂറ്റാണ്ടിലധികമായി പ്രദേശവാസികൾ കാത്തിരിക്കുന്ന കക്കയം - മുതുകാട് റോഡ് യഥാർഥ്യമാക്കാൻ ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം മരണപ്പെടുന്നത്. റോഡ് കർമ്മസമിതിയുടെ കൺവീനറായി പ്രവർത്തിച്ച് വരുകയായിരുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ്, ലോക്കൽ സെക്രട്ടറി കെ.ജി.അരുൺ, ലോക്കൽ കമ്മിറ്റി അംഗം എൻ.കെ.കുഞ്ഞമ്മദ്, ബ്രാഞ്ച് സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ കക്കയത്തെ വീട്ടിലെത്തിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി. പി രാമകൃഷ്ണൻ എം.എൽ.എ , ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ.അനിത, വൈസ് പ്രസിഡന്റ്‌ ടി.എം.ശശി, മുൻ എം.എൽ.എ കെ.പത്മനാഭൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പോളി കാരക്കട, വി..എം.കുട്ടികൃഷ്ണൻ, കെ.സുനിൽ, ടി.പി.ദാമോദരൻ മാസ്റ്റർ, സി.കെ
ശശി, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, ഡി.സി.സി സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, അഗസ്റ്റിൻ കാരക്കട എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
 വെള്ളിയാഴ്ച വൈകുന്നേരം കരിയാത്തുംപാറ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.

അനുശോചന യോഗം

കക്കയം : കക്കയത്തെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖനായ മുൻ ഗ്രാമപഞ്ചായത്തംഗം ആന്റണി വിൻസന്റിന്റെ നിര്യാണത്തിൽ കക്കയം അങ്ങാടിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ.അമ്മദ്, സിമിലി ബിജു, ഡാർളി പുല്ലം കുന്നേൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ്, സിപിഎം ലോക്കൽ സെക്രട്ടറി കെ.ജി.അരുൺ, ഏരിയ കമ്മിറ്റി അംഗം വി.ജെ.സണ്ണി, കോൺഗ്രസ്‌ ബൂത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത്, സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ എൻ.കെ.കുഞ്ഞമ്മദ്, കുഞ്ഞാലി കോട്ടോല, മുജീബ് കോട്ടോല, ആൻഡ്രൂസ് കട്ടിക്കാന, ജോൺസൻ കക്കയം, വി.ടി. തോമസ്, പി.ടി.ഹംസ, സി.എ.ജോസഫ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി