കക്കയത്ത് ആർആർടി ഓഫിസ് വേണമെന്ന ആവശ്യം ശക്തം
കൂരാച്ചുണ്ട്: മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകൾക്കായി കക്കയത്ത് വനം വകുപ്പ് റാപിഡ് റെസ്പോൺസ് ടീമിന്റെ ഓഫിസ് അനുവദിക്കണമെന്ന ആവശ്യം ശക്തം. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസിന്റെ പരിധിയിൽ കക്കയത്ത് ആർആർടി ഓഫിസ് അനുവദിക്കണമെന്നു വകുപ്പുതലത്തിൽ നിർദേശം അയച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
മലയോരത്ത് മിക്കപ്പോഴും ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. ഇപ്പോൾ 40 കിലോമീറ്റർ ദൂരെയുള്ള താമരശ്ശേരി ആർആർടി സംഘമാണ് മിക്കപ്പോഴും എത്താറുള്ളത്. വയനാട് ഉൾപ്പെടെ മറ്റു പ്രദേശങ്ങളിലേക്കും ഈ ടീമിന്റെ സേവനം ആവശ്യമായതിനാൽ കൃത്യസമയത്ത് എത്താനും സാധിക്കുന്നില്ല
കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നിരന്തരം കർഷകർക്ക് പ്രശ്നം സൃഷ്ടിക്കുന്ന പ്രദേശത്ത് ആർആർടി ഓഫിസ് അനുവദിച്ചാൽ ജനങ്ങൾക്ക് ഉടൻ തന്നെ സേവനം ലഭ്യമാകും.
കഴിഞ്ഞ മാർച്ച് 5ന് ആണ് കൃഷി lയിടത്തിൽ പാലാട്ടിയിൽ ഏബ്ര ഹാം എന്ന കർഷകൻ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കക്കയം, 30-ാം മൈൽ, തൂവക്ക ടവ്, മണ്ടോപ്പാറ, മേഖലയിൽ കാട്ടാനകൾ നാശം വിതയ്ക്കുന്നതും പതിവാണ്. പെരുവണ്ണാമൂഴി, കൂവപ്പൊയിൽ, ചെമ്പനോട, മുതുകാട്, ചെങ്കാട്ടക്കൊല്ലി പ്രദേശങ്ങളിലും കാട്ടാനകൾ കാർഷിക വിളകൾ തകർക്കുന്നതു നിത്യ സംഭവമാണ്. മുതുകാട്, കക്കയം മേഖലയിൽ പുലി, കടുവ ഭീഷണിയും ഉണ്ട്.
കക്കയത്ത് വനസംരക്ഷണ സമിതി ഓഫിസ് ആർആർടി ടീമിന്റെ ഓഫിസാക്കി മാറ്റാൻ സൗകര്യമുണ്ടെന്നു റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഓഫിസിലേക്ക് ഫോറസ്‌റ്റർ, ഗാർഡുമാർ, പാമ്പുപിടിത്ത വിദഗ്ധർ ഉൾപ്പെടെ ജീവനക്കാരെ കൂടി നിയമിക്കണം.
മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാനും മനുഷ്യ ജീവനും കാർഷിക വിളകളും സംരക്ഷിക്കാൻ ഓഫിസ് അനുവദിക്കുന്നതിനു അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
✍🏻ജോബി മാത്യു

Comments
Post a Comment