ടെസ്റ്റ് പാസ് ആയിട്ടും ലൈസൻസ് കയ്യിലെത്തുന്നില്ല
ടെസ്റ്റ് പാസ് ആയിട്ട് പോലും ഇനിയും ലൈസൻസ് കയ്യിലെത്തുന്നില്ല; നേരെ തമിഴ്‌നാട്ടിലേക്ക് വിട്ട് മലയാളികൾ, അതിനൊരു കാരണമുണ്ട്
കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത് ഇപ്പോൾ സങ്കീർണമാണ്.ലൈസൻസിനായി ഒരാൾ അപേക്ഷിക്കുകയാണെങ്കിൽ ടെസ്റ്റിന് തീയതി ലഭിക്കാൻ വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് നാലുമാസത്തോളം ആണ്.
ടെസ്റ്റ് പാസായി വെബ്സൈറ്റിൽ ലൈസൻസ് വന്നിട്ടുണ്ടാകും. പക്ഷേ ഇനിയും പ്രിൻറ് ചെയ്‌ത കാർഡ് കിട്ടാതെ ഒരുപാട് പേരാണ് കാത്തിരിക്കുന്നത്.
തമിഴ്നാട്ടിൽ ടെസ്റ് പാസ്സായി 5 ദിവസം ലൈസൻസ് കയ്യിൽ
ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപേക്ഷിച്ച് ടെസ്റ്റ് പാസാവുന്നതുവരെ നാലുമാസം എടുക്കുന്നു. എന്നിട്ടും കയ്യിൽ ലൈസൻസ് കിട്ടാൻ അതിലേറെ സമയവും. വേഗത്തിൽ ലൈസൻസ് ലഭിക്കാനുള്ള പോംവഴി ഇപ്പോൾ മലയാളികൾ കണ്ടുപിടിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലാണ്.
തമിഴ്‌നാട്ടിൽ അപേക്ഷ കൊടുത്ത മൂന്നാംദിവസം ലേണേഴ്‌സ് ടെസ്റ്റിൽ പങ്കെടുക്കാം. ലേണേഴ്‌സ് പാസായി 30 ദിവസം കഴിഞ്ഞാൽ ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാം. ടെസ്റ്റ് കഴിഞ്ഞാൽ അഞ്ചാമത്തെ പ്രവൃത്തിദിവസം പ്രിന്റുചെയ്ത ലൈസൻസ് കാർഡ് ലഭിക്കും. വേഗത്തിൽ ലൈസൻസ് ആവശ്യമുള്ള മലയാളികൾ ഇപ്പോൾ തമിഴ്‌നാട്ടിൽനിന്നു ഡ്രൈവിങ് ലൈസൻസ് എടുക്കുന്നുണ്ട്.
അവിടെയുള്ള പല ഡ്രൈവിങ് സ്കൂളുകളും കേരളത്തിൽനിന്ന് എത്തുന്നവർക്ക് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. ഇവർ തന്നെ ആധാറിൽ താത്കാലികമായി തമിഴ്‌നാട് മേൽവിലാസം ചേർക്കും. ഒന്നര മാസം കഴിഞ്ഞ് ലൈസൻസ് ലഭിച്ചശേഷം ആധാറിലെ വിലാസം മാറ്റി പഴയതുപോലെ കേരളത്തിലേതാക്കി നൽകും. ചെലവ് നോക്കിയാലും രണ്ടിടത്തും ഏകദേശം തുല്യം. കേരളത്തിൽ കാറിനും ബൈക്കിനും ഒന്നിച്ചുള്ള ലൈസൻസെടുക്കാൻ ക്ലാസ് ഉൾപ്പെടെ ഡ്രൈവിങ് സ്കൂളുകാർ വാങ്ങുന്നത് ശരാശരി 10000 രൂപ. ഇതേ തുകയ്ക്ക് തന്നെ കമ്മിഷൻ ഉൾപ്പെടെ തമിഴ്‌നാട്ടിൽനിന്നു ലൈസൻസ് നേടാം.
ഡ്രൈവിങ് ടെസ്റ്റ് ദിവസംമാത്രം ചെന്നാൽ മതി. പോയിവരുന്ന ചെലവുകൂടി കണക്കാക്കിയാലും പെട്ടെന്ന് ലഭിക്കുമെന്നതിനാൽ നഷ്‌ടമില്ല. ടെസ്റ്റും ഇവിടെത്തേതുപോലെ കടുപ്പമല്ലെന്നത് പരസ്യമായ രഹസ്യം. ആവശ്യമെങ്കിൽ അപേക്ഷ നൽകി പിന്നീട് ലൈസൻസ് കേരള ആർ.ടി.ഒ.യിലേക്ക് മാറ്റാം. കേരളത്തിൽ മേയ് മാസം ഡ്രൈവിങ് പരിഷ്കരണം വന്നതുമുതൽ ലൈസൻസ് ലഭിക്കാൻ വലിയ കാലതാമസമാണ്. ഒരു ഓഫീസിൽ പ്രതിദിനം 40 ടെസ്റ്റുകൾ എന്ന രീതിയിൽ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.
ടെസ്റ്റ് നടത്താൻ രണ്ട് ഇൻസ്പെക്ടർമാരുള്ള ഓഫീസുകളിൽ 80 ടെസ്റ്റ് നടത്താം. എന്നാൽ ഇപ്പോൾ ടെസ്റ്റ് വിജയിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പാസായി നിലവിലുള്ള അപേക്ഷകർ പോകുന്ന മുറയ്ക്കാണ് ലേണേഴ്സ് ഉൾപ്പെടെ പുതിയ സ്ലോട്ടുകൾ ഓപ്പണാകുന്നത്. ഒപ്പം കാർഡ് പ്രിന്റിങ് കരാർ പ്രശ്‌നങ്ങൾകൂടി ആയതോടെ വിദേശത്ത് പോകേണ്ടവർക്കൊക്കെ വലിയ ബുദ്ധിമുട്ടായി. അങ്ങനെയും ഒട്ടേറെ ആളുകൾ ഇത്തരം സംസ്ഥാനങ്ങളിൽനിന്ന് ലൈസൻസ് എടുക്കുന്നു.

Comments
Post a Comment